മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു സംഭാവന നൽകി സംഗീതസംവിധായകൻ ഗോപി സുന്ദർ. ഇത് ഒരിക്കലും ഒരു പ്രഹസനമല്ല എന്നും മറ്റുള്ളവർക്കു പ്രചോദനമാകാൻ വേണ്ടിയാണ് ഇക്കാര്യം പരസ്യമാക്കിയതെന്നും ഗോപി സുന്ദർ കുറിച്ചു.

ഇക്കാര്യം ചിത്രവും കുറിപ്പും സഹിതം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം അറിയിച്ചത്. തുക എത്രയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

‘ഇതൊരു പ്രഹസനമല്ല. മറിച്ച് ദാരിദ്ര്യാവസ്ഥയിൽ കഴിയുന്നവരെ സഹായിക്കാൻ മറ്റുള്ളവർക്കുള്ള പ്രചോദനമാണ്. ‘വല്ലാത്ത പഹയൻ’ എന്ന പേരിലുള്ള സമൂഹമാധ്യമ അക്കൗണ്ടിൽ ഞാൻ ഒരു കുറിപ്പ് കാണാനിടയായി. അത് എന്നെ ആഴത്തിൽ സ്പർശിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. നിങ്ങളിൽ ചുരുക്കം ചിലരെങ്കിലും എന്റെ ഈ പ്രവൃത്തിയിൽ നിന്നും പ്രചോദനമുൾക്കൊള്ളുമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് ഉദാരമായി സംഭാവന ചെയ്യുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.

ശാന്തിയും സമാധാനവും സമൃദ്ധിയും നിറഞ്ഞ നല്ല നാളേയ്ക്കായി നമുക്ക് ഒരുമിച്ചു പോരാടാം. മറ്റുള്ളവർക്കായി നിലകൊള്ളാൻ ഓരോരുത്തരും തയ്യാറാകുമ്പോൾ നമുക്ക് ഒന്നും അസാധ്യമായിരിക്കില്ല. എല്ലാവരും സുരക്ഷിതരും സന്തുഷ്ടരുമായിരിക്കുക.’, ഗോപി സുന്ദർ കുറിച്ചു.

ചുരുങ്ങിയ സമയത്തിനകം തന്നെ ഗോപി സുന്ദറിന്റെ സമൂഹമാധ്യമ പോസ്റ്റ് ആരാധകർക്കിടയിൽ ചർച്ചയായി.

സംസ്ഥാനത്തെ എല്ലാവര്‍ക്കും സൗജന്യവാക്‌സില്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ ബാധിച്ചതായും സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രം നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിലാണ് വാക്‌സിന്‍ ചാലഞ്ച് എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ കാമ്പയിന്‍ സജീവമായിരിക്കുന്നത്. വാക്‌സിന്‍ എടുത്തവരും എടുക്കാത്തവരുമായ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 800 രൂപ നിക്ഷേപിക്കുകയും അതിന്റെ സാക്ഷ്യപത്രം പോസ്റ്റ് ചെയ്യുകയും ചെയ്ത് പ്രതിഷേധത്തില്‍ പങ്കാളികളികളായത്.

The post ഇത് ഒരിക്കലും ഒരു പ്രഹസനമല്ല , മറ്റുള്ളവർക്കു പ്രചോദനമാകാൻ വേണ്ടിയാണ് ഇക്കാര്യം പരസ്യമാക്കുന്നത്; ഗോപി സുന്ദറിന്റെ പോസ്റ്റ് വൈറലാകുന്നു appeared first on metromatinee.com Lifestyle Entertainment & Sports .