നയന്‍താരയും താനും തമ്മിലുള്ള ഒരു അപൂര്‍വ്വ സൗഹൃദത്തിന്റെ കഥ പറയുകയാണ് നടി ചാര്‍മിള.
നയന്‍താരയുടെ കരിയറിന്റെ ആദ്യനാളുകളില്‍ വഴിത്തിരിവായ ‘അയ്യാ’ എന്ന സിനിമയിലേക്കുള്ള അവസരത്തിനു നിയോഗമായത് താനാണെന്നാണ് ചാര്‍മിള പറയുന്നത്. മാധ്യമപ്രവര്‍ത്തകനായ ഷിജീഷ് യു.കെ ആണ് ചാര്‍മിള പങ്കുവച്ച ഈ പഴയകാല ഓര്‍മ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്ണരൂപത്തിലൂടെ…
ചാര്‍മിള
……………………… രാവിലെ ചാര്‍മിള വിളിച്ചു.
മുഖവുര കൂടാതെ അവര്‍ വെളിപ്പെടുത്തി. എന്റെ ഹൗസ് ഓണര്‍ കൊറോണ പിടിപെട്ട് മരിച്ചു. ഇന്നലെ രാത്രി.ഹൗസ് ഓണറെ ചാര്‍മിള പറഞ്ഞ് അറിയാം.
അവരുടെ വീടിന്റെ മുകള്‍നിലയിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ചാര്‍മിളയോടും മകനോടും വലിയ സ്നേഹമായിരുന്നു.
കോവിഡ് വന്നതില്‍ പിന്നെ വീടിന് പുറത്തിറങ്ങുന്നത് മാസത്തിലൊരിക്കല്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ വേണ്ടി മാത്രമാണെന്ന് ചാര്‍മിള പറഞ്ഞു.
കട വരെ നടക്കുന്നതിനിടയില്‍ ഒരു അഞ്ച് മരണവാര്‍ത്തയെങ്കിലും കേള്‍ക്കാം എന്ന നിലയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍.
ദേവേന്ദ്രനെ കൂടി പേടിക്കാത്ത മദിരാശിപട്ടണം ഇപ്പോള്‍ കൊറോണയെ പ്രതി പേടിച്ച്‌ വിറയ്ക്കുകയാണ്.
ചാര്‍മിള ചിരിച്ചു.
സാമ്ബത്തികമായി സ്വതവേ പരുങ്ങലിലാണ് അവര്‍.
തമിഴ്നാട്ടില്‍ ഇപ്പോള്‍ സിനിമയും സീരിയലും ഷൂട്ടിംഗുമൊക്കെ എന്നോ കേട്ടു മറന്ന മുത്തശ്ശിക്കഥ പോലെയായിരിക്കുന്നു. ജൂണാരംഭത്തില്‍
വാങ്ങിച്ച സാധനങ്ങള്‍ എല്ലാം തീര്‍ന്നു. നാളയെക്കുറിച്ചോര്‍ത്ത് അന്തമില്ലാതെ നില്‍ക്കുമ്ബോഴായിരുന്നു ഓര്‍ക്കാപ്പുറത്ത് ഷക്കീലയുടെ കോള്‍ വന്നത്.
എടീ നിന്റെ അക്കൗണ്ടിലേക്ക് ഞാനൊരു രണ്ടായിരം രൂപ ഇട്ടിട്ടുണ്ട്. എന്റെ കൈയില്‍ ആകെ അതേയുള്ളൂ. അത് സാരമില്ല. വിശന്നു കരയാന്‍ എനിക്കിവിടെ മക്കളൊന്നുമില്ലല്ലോ.
ഷക്കീല ഫോണ്‍ വെച്ചു.
ആ രണ്ടായിരത്തിന് രണ്ടു ലക്ഷത്തിന്റെ വിലയുണ്ടെന്ന് ചാര്‍മിള .

ഷക്കീല മുമ്ബും സഹായിച്ചിട്ടുണ്ട്.
ഫീല്‍ഡ് ഔട്ടായി നില്‍ക്കുമ്ബോഴായിരുന്നു 2002 ല്‍ ജഗതി ജഗദീഷ് ഇന്‍ ടൗണ്‍ എന്ന സിനിമയില്‍ നായികയായി ഓഫര്‍ വന്നത്.
അന്ന് ഷക്കീല ഇവിടുത്തെ സൂപ്പര്‍ നായികയാണ്.
വര്‍ഷത്തില്‍ മുപ്പതും നാല്‍പ്പതും സിനിമകളാണ് അവരുടേതായി പുറത്തിറങ്ങുന്നത്.
ജഗതി ജഗദീഷില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്ബോള്‍ അച്ഛന് സ്ട്രോക്ക് വന്നു.
ഷൂട്ടിംഗ് ക്യാന്‍സല്‍ ചെയ്ത് പോകാനൊരുങ്ങിയ തന്നെ അന്ന് തടഞ്ഞത് ഷക്കീലയായിരുന്നു.
ഈ പടം നീ പാതി വഴിയിലിട്ടിട്ടുപോയാല്‍ ഇനിയൊരു സിനിമ ഇവിടെ നിനക്ക് കിട്ടില്ല.
നിന്റെ അച്ഛന്‍ എന്റെയും അച്ഛനാണ്. ഞാന്‍ നോക്കാം അച്ഛനെ. നീ സമാധാനമായി അഭിനയിച്ചിട്ടു വാ.
അച്ഛന്‍ ഡിസ്ചാര്‍ജ് ആവുന്നവരെ ആശുപത്രിയില്‍ അവള്‍ അദ്ദേഹത്തിന് കൂട്ടിരുന്നു..
എത്രയോ പടങ്ങള്‍, എത്രയോ ലക്ഷങ്ങള്‍ എനിക്ക് വേണ്ടി അന്ന് ഷക്കീല നഷ്ടപ്പെടുത്തി.
ഇന്ന് അവളുടെ നിലയും പരിതാപകരമാണ്.
ചാര്‍മിള നിശ്വസിച്ചു.
ഏട്ടാ നയന്‍താരയുടെ നമ്ബര്‍ കിട്ടാന്‍ വഴിയുണ്ടോ?
മടിച്ചു മടിച്ച്‌ ചാര്‍മിള ചോദിച്ചു.
ഏറെ നിര്‍ബന്ധിച്ചപ്പോള്‍ ചാര്‍മിള ആ രഹസ്യം വെളിപ്പെടുത്തി.
അഭിനയം തുടങ്ങിയ കാലത്ത് നയന്‍താര തന്നെ വിളിക്കാറുണ്ടായിരുന്നു.
ധനവും കാബൂളിവാലയുമൊക്കെ വലിയ ഇഷ്ടമാണെന്ന് അവള്‍ എപ്പോഴും പറയും.
2004 ല്‍ ആണെന്നു തോന്നുന്നു. ഒരു ദിവസം നയന്‍ താരയുടെ ഫോണ്‍ വന്നു.
ചേച്ചീ ഞാനഭിനയിച്ച മോഹന്‍ലാല്‍ പടം പൊട്ടി. ആകെ ചീത്തപ്പേരായി. ഇനി ഇവിടെ പടം കിട്ടുമെന്ന് തോന്നുന്നില്ല. ചേച്ചിക്ക് പരിചയമുള്ള ഏതെങ്കിലും തമിഴ് സിനിമാ നിര്‍മ്മാതാക്കളോട് എന്റെ കാര്യം പറയണേ.
അവളുടെ സംസാരം കേട്ടപ്പോള്‍ എനിക്കും സങ്കടമായി.
തമിഴിലെ കോ പ്രൊസ്വൂസര്‍ അജിത്തിനോട് നയന്‍താരയുടെ കാര്യം പറയുന്നത് ഞാനാണ്.
അങ്ങനെയാണ് അജിത്ത് അവളെ അയ്യാ എന്ന പടത്തിലേക്ക് കരാറാക്കുന്നത്.
പക്ഷേ ഞാന്‍ പറഞ്ഞിട്ടാണ് വിളിച്ചത് എന്ന് അജിത്ത് അവളോട് പറഞ്ഞതുമില്ല.
പിന്നീട് ഗജിനിയിലേക്ക് അവളെ വിളിച്ചതും അജിത്തായിരുന്നു.
ഇക്കാര്യം പിന്നീടൊരിക്കലും നയന്‍താരയോട് പറയാനും എനിക്ക് കഴിഞ്ഞില്ല.
അത്ര വേഗത്തിലായിരുന്നല്ലോ അവളുടെ വളര്‍ച്ച.
ഫോണ്‍ വെക്കാന്‍ നേരം സ്വയമെന്നോണം ചാര്‍മിള പറഞ്ഞു:
എനിക്ക് നയന്‍താര പണം തന്ന് സഹായിക്കേണ്ട. അവളുടെ ഏതെങ്കിലും ഒരു പടത്തില്‍ നല്ലൊരു റോള്‍ തരാന്‍ മനസ്സു കാണിച്ചാല്‍ മതിയായിരുന്നു.

charmila about shakkela

The post എത്രയോ ലക്ഷങ്ങള്‍ എനിക്ക് വേണ്ടി അന്ന് ഷക്കീല നഷ്ടപ്പെടുത്തി..ഇന്ന് അവളുടെ നിലയും പരിതാപകരമാണ്! appeared first on metromatinee.com Lifestyle Entertainment & Sports .