സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അഭയ ഹിരണ്‍മയിയും. ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഒരു ഡാന്‍സ് വീഡിയോ ആണ് അഭയ പങ്കു വച്ചിരിക്കുന്നത്. ദളപതി വിജയ്യുടെ ഹിറ്റ് സിനിമയായ ‘മാസ്റ്ററി’ലെ ‘വാത്തി കമ്മിങ്’ എന്ന ഹിറ്റ് ഗാനത്തിന് അനുസരിച്ച് ചുവടുവെയ്ക്കുകയാണ് അഭയ. കൈകള്‍ കൊണ്ട് താളം പിടിക്കുന്ന ഗോപി സുന്ദറിനെയും വീഡിയോയില്‍ കാണാം. ”അദ്ദേഹത്തെ കൊണ്ട് ഡാന്‍സ് കളിപ്പിക്കാനുള്ള എന്റെ പാഴായിപ്പോയ ശ്രമം,” എന്നാണ് അഭയ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിക്കുന്നത്.

ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചുള്ള അഭയ ഹിരണ്‍മയിയുടെ വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയ ഒന്നായിരുന്നു. എന്നാല്‍ പലരും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോട്ടങ്ങള്‍ നടത്തുകയും മുന്‍വിധികള്‍ നടക്കുകയും ചെയ്യുമ്പോള്‍ അഭയയും ഗോപിയും തങ്ങളുടെ ജീവിതം ആസ്വദിക്കുകയാണ്. വ്യക്തി ജീവിതത്തില്‍ മാത്രമല്ല സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളില്‍ ഗോപീ സുന്ദറിന്റെ സംഗീതത്തില്‍ അഭയ പാടിയിട്ടുണ്ട്. ഗൂഢാലോചനയിലെ കോയിക്കോട് പാട്ട് മലയാളത്തില്‍ വലിയ ഓളമാണ് സൃഷ്ടിച്ചത്.

സംഗീത സംവിധായകനായ ഗോപീസുന്ദര്‍ ഒരു തികഞ്ഞ മൃഗസ്നേഹി കൂടിയാണ്. പരിക്കേറ്റ തെരുവ് നായകളെ വീട്ടില്‍ കൊണ്ടുവന്ന് പരിപാലിക്കുന്നതില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി അദ്ദേഹം സന്തോഷം കണ്ടെത്തുന്നുണ്ട്. അത്തരത്തില്‍ കൊണ്ടുവന്ന ഏഴോളം നായകള്‍ ഇപ്പോള്‍ വീട്ടിലുണ്ടെന്ന് ഗോപീ സുന്ദര്‍ പറയുന്നു. ഇതില്‍ ഭൂരിഭാഗവും പരുക്കേറ്റവയും, തീവ്രസംഘടനകള്‍ വെട്ടും കൊലയും പരിശീലക്കാനായി കാലോ കയ്യോ വെട്ടിയിട്ട നായകളാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം എഴുതുന്നു. ഇത്തരം നായകളെ സംരക്ഷിക്കുന്നത് തന്റെ ഔദാര്യമായോ കരുണയായോ കാണുന്നില്ലെന്നും മറിച്ച് സന്തോഷമായിട്ടാണ് കണക്കാക്കുന്നതെന്നും കുറിക്കുന്നു.

തന്റെ നായസ്നേഹവുമായി ഫേസ്ബുക്കില്‍ ഇപ്പോള്‍ വരാന്‍ ഒരു കാരണമുണ്ട്. വീട്ടിലെ അന്തേവാസികളായ തെരുവ് നായകളെ ശുശ്രൂഷിക്കുന്നതിനായി ഒരാളെ ജോലിക്കായി ആവശ്യമുണ്ടെന്ന് കാട്ടി ഫേസ്ബുക്കില്‍ ഗോപീസുന്ദര്‍ ഒരു പരസ്യം ചെയ്തിരുന്നു. എന്നാല്‍ ഇതിനോട് ഒരു കൂട്ടം ആളുകള്‍ പരിഹാസത്തോടെയാണ പ്രതികരിച്ചത്. ഇതിന് മറുപടിയായിട്ടാണ് കാശുകൂടിയിട്ടല്ല താനിതൊക്കെ ചെയ്യുന്നതെന്ന വിശദീകരണവുമായി അദ്ദേഹം വീണ്ടും രംഗത്തെത്തിയിരുന്നത്. ഇത് ഏറെ ചര്‍ച്ചയാക്കപ്പെട്ടിരുന്നു.

The post ‘എന്റെ പാഴായിപ്പോയ ശ്രമം!’ ഗോപീസുന്ദറുമായുള്ള വീഡിയോ പങ്കിട്ട് അഭയ ഹിരണ്‍മയി appeared first on metromatinee.com Lifestyle Entertainment & Sports .