കൊല്ലം: കാണാതായ എറണാകുളം ജിഎസ്ടി ഓഫീസിലെ സ്റ്റേറ്റ് ടാക്സ് ഓഫീസ‌‌ർ കൊല്ലം സ്വദേശി അജികുമാറിനെ തമിഴ്നാട്ടിൽനിന്നും കണ്ടെത്തി. രണ്ടാഴ്ച്ചയിലധികമായി കാണാതായ അജികുമാറിനെ തൂത്തുക്കുടിയിൽ നിന്നുമാണ് പൊലീസ് കണ്ടെത്തിയത്. അജികുമാറിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് കാണാതായത്.

താമസിച്ചിരുന്ന ലോഡ്ജിൽ നിന്ന് കഴിഞ്ഞ മാസം മുപ്പതാം തീയതി വീട്ടിലേക്ക് പുറപ്പെട്ട അജികുമാറിനെ കാണാതാവുകയായിരുന്നു. ജോലി സ്ഥലത്തുണ്ടായ ചില പ്രശ്നങ്ങൾ അജികുമാറിനെ അലട്ടിയിരുന്നതായി കുടുംബം നേരത്തേ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ പുനലൂരിലെ ഓഫീസിൽ നിന്നും എറണാകുളത്തേക്ക് സ്ഥലം മാറ്റം ലഭിച്ചു. ഒരുമാസത്തിന് ശേഷം മകന്റെ എംബിബിഎസ് പ്രവേശനത്തിന് രണ്ടുമാസത്തെ അവധിയെടുത്തു. ജോലിയിൽ തിരികെ പ്രവേശിക്കാനായി 29ന് പോയെങ്കിലും അവധി നീട്ടിയെടുത്തു. 30ന് രാവിലെ 10.30ന് ലോഡ്ജിൽ നിന്നും പുറപ്പെട്ടുവെന്ന് വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും ഇതിനുശേഷം ഫോൺ സ്വിച്ച് ഓഫായി. കൊച്ചി ഇൻഫോ പാർക്ക് പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അജികുമാറിനെ കണ്ടെത്തിയത്.

പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി കുടുംബം മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ഹൈക്കോടതിയേയും ബന്ധുക്കൾ സമീപിച്ചിരുന്നു. വൈകുന്നേരത്തോടെ അജികുമാറിനെ കൊച്ചിയിലെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അജി കുമാറിനെ കൊച്ചിയിലെത്തിച്ച ശേഷം കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയുമെന്ന് പൊലീസ് വ്യക്തമാക്കി.

STORY HIGHLIGHTS: Missing GST officer from Kollam found in Tamil Nadu