തൃക്കാക്കര: തൃക്കാക്കരയിൽ വികസനാനുകൂലികളും, വികസന വിരോധികളും തമ്മിലാണ് മത്സരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുഎസിൽ നിന്ന് തിരിച്ചെത്തി തിരുവനന്തപുരത്ത് നടന്ന പികെഎസ് സംസ്ഥാന സമ്മേളനം ഉ​ദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം വേണമെന്ന് പറയുന്നവർ ഇടത് പക്ഷത്തിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സിൽവർ ലൈൻ ചർച്ചാ വിഷയമായ സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രതികരണം.

ഇടത് മുന്നണിയുടെ സ്ഥാനാർത്ഥിയായ ജോ ജോസഫ് ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥിയാണെന്ന് കോടിയേരി പറഞ്ഞു. തൃക്കാക്കര പഴയ പോലെയല്ല, അതുകൊണ്ട് ചരിത്രം പരിശോധിച്ച് തൃക്കാക്കരയെ വിലയിരുത്തേണ്ടതില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു. വട്ടിയൂർക്കാവ്, പാല, കോന്നി തെരഞ്ഞെടുപ്പുകൾ ചൂണ്ടിക്കാട്ടിയായിരുന്നു കോടിയേരിയുടെ പരാമർശം.

യുഎസിൽ നിന്ന് തിരിച്ചെത്തിയ കോടിയേരി തിരുവനന്തപുരത്ത് നടന്ന പികെഎസ് സംസ്ഥാന സമ്മേളനം ഉ​ദ്ഘാടനം ചെയ്തു. കഴിഞ്ഞ 30നാണ് കോടിയേരി അമേരിക്കയിലേക്കു പോയത്. ചികിത്സയ്ക്കായി യുഎസിലേക്കു പോയ മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടുപിടിക്കുന്നതിനിടെയാണ് കോടിയേരിയും തിരിച്ചെത്തുന്നത്.

Story Highlights : Kodiyeri returns after treatment; First reaction in Thrikkakara by-election