കര്‍ണാടകയില്‍ ജെഡിഎസ്- കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പണം വാഗ്ദാനം ചെയ്തിരുന്നതായി കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ എത്തിച്ചേര്‍ന്ന പാര്‍ട്ടി എംഎല്‍എ ശ്രിമന്ത് ബാലസാഹേബ് പട്ടേല്‍. കര്‍ണാടകയില്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ എത്തിച്ചേര്‍ന്ന ശ്രിമന്ത് ബാലസാഹേബ് പട്ടേലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ മുന്‍ ജെഡിഎസ്‌കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പണം വാഗ്ദാനം ചെയ്തതായി അറിയിച്ചത്.

ബസവരാജ് ബൊമ്മെയുടെ മന്ത്രിസഭയില്‍ സ്ഥാനം ലഭിക്കാത്തതാണ് കഗവാഡ് നിയമസഭണണ്ഡലത്തിലെ എംഎല്‍എയായ ശിര്‍മന്ത് ബാലാസാഹേബ് പട്ടേലിനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

ബിജെപിയില്‍ ചേരാന്‍ തനിക്ക് പണം വാഗ്ദാനം ചെയ്തു. ആവശ്യപ്പെട്ട പണം തരാന്‍ പാര്‍ട്ടി തയ്യാറായിരുന്നുവെന്നും എന്നാല്‍ താന്‍ പണം ആഗ്രഹിച്ചിരുന്നില്ല. ജനങ്ങളെ സേവിക്കാന്‍ മന്ത്രിപദം നല്കണമെന്ന് മാത്രമാണ് താന്‍ ആവശ്യപ്പെട്ടിരുന്നതെന്നും പട്ടേല്‍ വ്യക്തമാക്കി. എന്തുകൊണ്ടാണ് ബൊമ്മെ സര്‍ക്കാര്‍ തനിക്ക് മന്ത്രി പദവി നല്കാത്തതെന്ന് അറിയില്ലെന്നും അടുത്ത മന്ത്രിസഭാ വികസനത്തില്‍ തന്നെ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ബൊമ്മെ വാക്ക് നല്കിയതായും പട്ടേല്‍ ചൂണ്ടിക്കാട്ടി.

അതേസമയം കോണ്‍ഗ്രസ്, ജെഡിഎസ് അംഗങ്ങള്‍ വിഷയം നിയമസഭയുടെ മണ്‍സൂണ്‍ സെഷനില്‍ ശക്തമായി ഉന്നയിക്കാനാണ് തീരുമാനമെടുത്തിരിക്കുന്നതെന്നും അറിയുന്നു.

2019ലാണ് കോണ്‍ഗ്രസില്‍ നിന്ന് പട്ടേല്‍ ബിജെപിയില്‍ എത്തിച്ചേരുന്നത്. അന്ന് എച്ച്ഡി കുമാരസ്വാമിയുടെ ജെഡിഎസ്‌കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ബിജെപിയിലേക്ക് ചേക്കേറിയത് പട്ടേലുള്‍പ്പടെ 16 ഭരണകക്ഷി എംഎല്‍എമാരായിരുന്നു. പിന്നീട് ബിജെപിയുടെ നേതൃത്വത്തിലുള്ള യദ്യൂരപ്പ സര്‍ക്കാരില്‍ പട്ടേല്‍ മന്ത്രിയായി ചുമതലയേല്ക്കുകയും ചെയ്തു. എന്നാല്‍ ബൊമ്മെ ചുമതലയേറ്റപ്പോള്‍ പട്ടേലിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കി. ഇതാണ് ഇപ്പോഴത്തെ പ്രകോപനത്തിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.