പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ താണു പത്മനാഭന്‍ (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പൂനെയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഉയര്‍ന്ന ശാസ്ത്ര ബഹുമതിയായ കേരള ശാസ്ത്ര പുരസ്‌കാരം ഈ വര്‍ഷം താണു പത്മനാഭന് ലഭിച്ചിരുന്നു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. പൂനെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോ ഫിസിക്‌സിലെ അക്കാദമിക് വിഭാഗം ഡീനായിരുന്നു. അവിടെ തന്നെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയായിരുന്നു.

1957 ല്‍ തിരുവനന്തപുരത്ത് ജനനം. കേരള സര്‍വകലാശാല യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ബിഎസ്‌സി (1977), എംഎസ്‌സി (1979) ബിരുദങ്ങള്‍ സ്വര്‍ണ്ണമെഡലോടെ കരസ്ഥമാക്കി.

മുംബൈയിലെ ടിഐഎഫ്ആറില്‍ നിന്ന് 1983 ല്‍ പിഎച്ഡി നേടി. 1992 മുതല്‍ പൂണെയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സിലാണ്. സ്വിറ്റ്‌സര്‍ലന്റിലെ പ്രസിദ്ധ കണികാ ഭൗതിക ഗവേഷണ കേന്ദ്രമായ സേണ്‍, ന്യൂ കാസില്‍ സര്‍വകലാശാല, ലണ്ടനിലെ ഇംപീരിയല്‍ കോളേജ്, കാള്‍ടെക്, പ്രിന്‍സ്ടണ്‍, കേംബ്രിഡ്ജ് സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറാണ്. ആഫ്ടര്‍ ദി ഫസ്റ്റ് ത്രീ മിനുട്‌സ് ദ സ്റ്റോറി ഓഫ് ഔവര്‍ യൂണിവേഴ്‌സ് (ആദ്യത്തെ മൂന്നു നിമിഷങ്ങള്‍ക്കു ശേഷം നമ്മുടെ പ്രപഞ്ചത്തിന്റെ കഥ), തിയററ്റിക്കല്‍ ആസ്‌ട്രോഫിസിക്‌സ്, ആന്‍ ഇന്‍വിറ്റേഷന്‍ ടു ആസ്‌ട്രോഫിസിക്‌സ് തുടങ്ങിയ കൃതികള്‍ പ്രസിദ്ധമാണ്. ജയന്ത് നര്‍ലിക്കറുമൊത്ത് ഗ്രാവിറ്റി, ഗേജ് തിയറീസ് ആന്‍ഡ് കോസ്‌മോളജി എന്നൊരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്.

ഭാര്യ: ഡോ. വാസന്തി പത്മനാഭന്‍. മകള്‍: ഹംസ പത്മനാഭന്‍.