Image: 

പടിപടിയായുള്ള നിയന്ത്രണങ്ങളിലൂടെ 10 വര്‍ഷംകൊണ്ട് പൂര്‍ണമദ്യനിരോധം എന്ന ലക്ഷ്യം നേടാനുള്ള തീരുമാനത്തിന്‍െറ ക്രെഡിറ്റ് സ്വന്തമാക്കാന്‍ ഭരണ-രാഷ്ട്രീയതലങ്ങളില്‍ മത്സരം കൊടുമ്പിരിക്കൊള്ളുന്നതിനിടയിലാണ് പുതിയ മദ്യനയത്തിന്‍െറ ഭാവി അവതാളത്തിലാവാതിരിക്കാന്‍ ഹൈകോടതി കഴിഞ്ഞദിവസം സര്‍ക്കാറിന്‍െറ മുന്നില്‍ വ്യക്തമായ ചില മാര്‍ഗനിര്‍ദേശങ്ങള്‍ വെച്ചത്. യു.ഡി.എഫ് സര്‍ക്കാറിന്‍െറ മദ്യനയത്തെ ഭരണഘടനാ സാധുതയുള്ള നിയമമാക്കിമാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നീതിപീഠം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഏത് ഘട്ടത്തിലും ലംഘിക്കപ്പെടാമെന്നും മദ്യനിരോധ ശ്രമങ്ങളെ അട്ടിമറിക്കാന്‍ വിവിധതലങ്ങളില്‍ ആസൂത്രിതനീക്കം നടക്കുന്നുണ്ടെന്നുമുള്ള യാഥാര്‍ഥ്യം മണത്തറിഞ്ഞാവണം നിയമപരിരക്ഷ ഉറപ്പുവരുത്താന്‍ കോടതി നിഷ്കര്‍ഷിച്ചത്.  അടഞ്ഞുകിടക്കുന്ന 418 ബാറുകള്‍ തുറക്കാന്‍ അനുമതി തേടുന്ന ബാര്‍ ഉടമകളുടെ അപ്പീലില്‍ സര്‍ക്കാറിന്‍െറ വിശദീകരണം കേള്‍ക്കവെയാണ് പുതിയ മദ്യനയം കാര്യക്ഷമമായി പ്രയോഗവത്കരിക്കപ്പെടണമെങ്കില്‍ നിയമനിര്‍മാണം അനിവാര്യമാണെന്ന് ന്യായാസനം ഓര്‍മപ്പെടുത്തിയത്.

മദ്യനിരോധ ദിശയില്‍ സര്‍ക്കാറിന്‍െറ ആത്മാര്‍ഥത പരീക്ഷിക്കപ്പെടുന്ന ഘട്ടമാണിത്.  സെപ്റ്റംബര്‍ 17ന് മുമ്പായി  ഇവ്വിഷയകമായി മൂര്‍ത്തമായ ചില കാല്‍വെപ്പുകള്‍ നടത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാവേണ്ടതുണ്ട്. പൂര്‍ണമദ്യനിരോധമാണ് ഗവണ്‍മെന്‍റിന്‍െറ ദീര്‍ഘകാല ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരിക്കെ മദ്യലോബിക്കോ അവര്‍ക്കുവേണ്ടി പിന്നില്‍നിന്ന് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വത്തിനോ ഒരുനിലക്കും തുരങ്കംവെക്കാന്‍ സാധ്യമാവാത്തവിധം പഴുതടച്ച നിയമനിര്‍മാണത്തിനാണ് ശ്രമിക്കേണ്ടത്. അതിന് അങ്ങേയറ്റത്തെ ഇച്ഛാശക്തിയും ഇപ്പോഴത്തെ തീരുമാനവുമായി മുന്നോട്ടുപോകാനുള്ള അളവറ്റ ആര്‍ജവവും കൈമുതലായുണ്ടാവണം. ഈവശം ഊന്നിപ്പറയുന്നത് പഞ്ചനക്ഷത്ര ബാറുകള്‍ ഒഴികെയുള്ള 730ഉം പൂട്ടാനും ബീവറേജസ് കോര്‍പറേഷന്‍െറ വില്‍പനശാലകളില്‍ ഓരോ വര്‍ഷവും 10 ശതമാനം കണ്ട് കുറക്കാനുമുള്ള നിര്‍ണായക തീരുമാനം പെട്ടെന്ന് കൈക്കൊണ്ടത് സംസ്ഥാനത്തെ മദ്യമുക്തമാക്കണം എന്ന ഉല്‍ക്കടമായ അഭിലാഷത്തിന്‍െറ പ്രേരണ മൂലമാണെന്ന് ആരും വിശ്വസിക്കുന്നില്ല എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടാണ്. പൂട്ടിയിട്ട 418 ബാറുകളുടെ അനുമതി പുതുക്കിനല്‍കുന്ന വിഷയത്തില്‍ പോലും സമവായം കണ്ടത്തൊനാവാതെ രാഷ്ട്രീയ, ഭരണനേതൃത്വം മാസങ്ങളായി തുടരുന്ന ഏറ്റുമുട്ടലുകള്‍ കോണ്‍ഗ്രസിനകത്തുതന്നെ സംഘര്‍ഷം രൂക്ഷമാക്കിയ ഒരു ഘട്ടത്തില്‍ എതിരാളിയെ വെട്ടിവീഴ്ത്താന്‍ പ്രയോഗിച്ച ഒരു തന്ത്രത്തിന്‍െറ ഭാഗമായാണ് ഒരു മുഴം നീട്ടിയെറിഞ്ഞ് മുഖ്യമന്ത്രി കരവിരുത് കാട്ടിയത്. വീണത് വിദ്യയാക്കുന്നതിന്‍െറ കുതൂഹലങ്ങളാണ് മദ്യനിരോധത്തിന്‍െറ പേരില്‍ ഇപ്പോള്‍ അരങ്ങേറുന്നതൊക്കെയും.

സര്‍ക്കാര്‍ നടപടിയെ പ്രതിപക്ഷവും മത-സാംസ്കാരിക മണ്ഡലങ്ങളും നാട്ടിലും വീട്ടിലും സ്വാസ്ഥ്യം കാംക്ഷിക്കുന്നവരും ഹൃദയപൂര്‍വം സ്വാഗതം ചെയ്തത് ആ തീരുമാനത്തിന്‍െറ രാഷ്ട്രീയപ്പൊരുള്‍ മനസ്സിലാക്കാതെയല്ല, മറിച്ച് സ്പിരിറ്റ് ഉള്‍ക്കൊണ്ടാണ്. എന്നാല്‍, എല്ലാവരെയും പുകമറയില്‍ നിര്‍ത്തി പഴയ അവസ്ഥയിലേക്ക് കുറുക്കുവഴിയിലൂടെ  തിരിച്ചുപോകാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ ജനം എല്ലാം സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുന്നത് അവര്‍ക്കു നന്ന്. നടപടിച്ചട്ടങ്ങളുടെ പേരില്‍  ബാറുടമകള്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണ്് ഏറ്റവുമൊടുവിലായി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഈ ഓണത്തിനുകൂടി ജനം കുടിച്ചു നശിക്കട്ടെ എന്ന ചിന്തയാലാവണം അടുത്തമാസം 12 വരെ ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാവകാശം നല്‍കിയിരിക്കുന്നത്. അതിനപ്പുറത്തേക്ക് സമയപരിധി നീട്ടിക്കൊടുക്കുന്ന സാഹചര്യം ഉണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുമെന്ന് തന്നെയാണ് ഞങ്ങളുടെ ഉറച്ച വിശ്വാസം.

പൂര്‍ണമദ്യനിരോധം എന്ന നമ്മുടെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതിന് മതിയായ ഗൃഹപാഠത്തോടെയുള്ള നിയമനിര്‍മാണത്തിനാവണം സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. വിഷയം പരമോന്നത നീതിപീഠം വരെ എത്തുമെന്ന് ഉറപ്പുള്ള സ്ഥിതിക്ക് ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങള്‍ പ്രതിഫലിപ്പിക്കുന്ന വകുപ്പുകള്‍ ഉള്‍ച്ചേര്‍ത്തായിരിക്കണം നിയമത്തിന്‍െറ കരടിനു രൂപംനല്‍കാന്‍. കോടതി കയറിയാല്‍ തങ്ങള്‍ക്ക് രക്ഷകിട്ടും എന്ന് തന്ത്രങ്ങള്‍ പതിനെട്ടും പയറ്റുന്നതില്‍ അഗ്രഗണ്യരായ മദ്യമാഫിയക്ക് തോന്നാത്തവിധം പഴുതുകളടക്കാന്‍ ഉദ്യോഗസ്ഥവൃന്ദം സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത യു.ഡി.എഫ് നേതൃത്വത്തിനുണ്ട്. ഏതെങ്കിലും ഘട്ടത്തില്‍ പുതിയ മദ്യനയം അട്ടിമറിക്കപ്പെട്ടാല്‍ അതിന്‍െറ പൂര്‍ണ ഉത്തവാദിത്തം ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനു തന്നെയായിരിക്കും.

തങ്ങളെ വഞ്ചിച്ച ഒരു ഗവണ്‍മെന്‍റ് എന്ന പാപമുദ്ര വരുംതലമുറയാല്‍ പോലും ചാര്‍ത്തപ്പെടുന്ന അവസ്ഥ ഉണ്ടാവാതിരിക്കാന്‍ നോക്കേണ്ടത് അമരത്തിരിക്കുന്നവരാണ്. ഇപ്പോള്‍തന്നെ മദ്യനിരോധത്തോടെ സാമൂഹിക അസ്വാസ്ഥ്യങ്ങള്‍ പടരുമെന്ന ആശങ്കപരത്തുന്നതില്‍  ഒരുവിഭാഗം മാധ്യമങ്ങളടക്കം വ്യാപൃതരായിട്ടുണ്ട്. മദ്യനിരോധത്തെ പരസ്യമായി സ്വാഗതം ചെയ്യുന്നവര്‍തന്നെ രഹസ്യമായും പരോക്ഷമായും മദ്യനിരോധം നിലവില്‍വരുന്നതോടെ ആകാശം ഇടിഞ്ഞുവീഴുമെന്ന് പ്രചരിപ്പിക്കുന്നതിനു പിന്നിലെ പ്രചോദനം എന്താണെന്ന് പ്രത്യേകം അന്വേഷിച്ചുപോകേണ്ടതില്ല. മദ്യവിപത്തില്‍നിന്ന് ഒരു സമൂഹത്തെ കരകയറ്റാന്‍ എല്ലാ വിഭാഗങ്ങളും ഒത്തൊരുമിച്ച് നീങ്ങുകയും ഇത്തരം ശക്തികളെ പരാജയപ്പെടുത്തുകയുമാണ് വേണ്ടത്.