Image: 

Byline: 
ഡോ. എം.ബി. മനോജ്

മഹാത്മാ അയ്യങ്കാളിയും മഹാത്മാ ഗാന്ധിയും അടിസ്ഥാനപ്പെടുത്തിയുള്ള സംവാദങ്ങളുടെ സമയമാണ് ഇപ്പോള്‍. അതേ സംവാദങ്ങള്‍ക്ക് നടുവില്‍ ആഗസ്റ്റ് 28നാണ് മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനവും. 1863 ആഗസ്റ്റ് 28 (ചിങ്ങം-14)നാണ് അദ്ദേഹം ജനിച്ചത്. ആധുനിക വിദ്യാഭ്യാസമൊന്നും ലഭിക്കാത്ത, അക്ഷരാഭ്യാസം ലഭിക്കാത്ത വ്യക്തി. ഭാരതം ലോകത്തിനു നല്‍കിയ സംഭാവനയായ വര്‍ണവ്യവസ്ഥയുടെയും ജാതി വ്യവസ്ഥയുടെയും തുടര്‍ന്ന് രൂപംകൊണ്ട അടിമ സമ്പ്രദായത്തിന്‍െറയും ജന്മി സമ്പ്രദായത്തിന്‍െറയും നുകങ്ങള്‍ പേറേണ്ടി വന്ന മനുഷ്യ സമൂഹത്തിന്‍െറ പ്രതിനിധി.

അയ്യങ്കാളിയുടെ ചെറുപ്പത്തില്‍ത്തന്നെ എഴുത്താശ്ശാന്മാരെ കൊണ്ടുവന്ന് അക്ഷരം പഠിപ്പിക്കുന്നതിനുള്ള ശ്രമം. കാരണവന്മാരും മൂപ്പന്മാരും ഉപജാതി വിട്ടുചേര്‍ന്നു നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയിലൂടെ  തെക്കന്‍ തിരുവിതാംകൂറില്‍ വിപ്ളവത്തിന്‍െറ നിശ്ശബ്ദരൂപങ്ങള്‍ നടക്കുന്നുണ്ടായിരുന്നു.  രാജാക്കന്മാരും രാജകുടുംബവും കിങ്കരന്മാരും ശിങ്കിടികളും മാത്രം സഞ്ചരിച്ചിരുന്ന സ്വകാര്യ വഴിയിലേക്കുള്ള പ്രവേശം ആയിരുന്നു അദ്ദേഹത്തിന്‍െറ പ്രത്യക്ഷ സമരത്തില്‍ ആദ്യത്തേത്. 1891ലാണ് രാജവീഥിയിലേക്ക് വില്ലുവണ്ടി പ്രവേശം നടത്തുന്നത്. പയറുമൂട് കൊച്ചാപ്പി, ഇന്‍ട്രി ആശാന്‍, ചാര്‍ളി, കേഡിഭാനു തുടങ്ങിയ നേതൃനിര അയ്യങ്കാളിക്കൊപ്പം അണിനിരന്നു. ‘പൊതുവഴി’ എന്നും ‘പൊതു ഇടം’ എന്നും വിളിക്കാവുന്ന ആശയത്തിന്‍െറ പ്രഖ്യാപനം അങ്ങനെ ഇന്ത്യയില്‍ ആരംഭിച്ചു. തിരുവിതാംകൂറില്‍ നിരവധി ഇടങ്ങളില്‍ കടുത്ത മര്‍ദനം അഴിച്ചുവിട്ടാണ് ഹിന്ദു ഭരണസംവിധാനം ഇതിനെ നേരിട്ടത്. അയ്യങ്കാളിയടക്കമുള്ളവര്‍ക്ക് നിരവധി തവണ മര്‍ദനമേല്‍ക്കേണ്ടിവന്നു. ആറാലംമൂട്ടിലും ചാലിയത്തെരുവിലുമടക്കം ചന്തകളില്‍ പ്രവേശിക്കുന്നതിനും പൊതുയിടം തുറന്നെടുക്കുന്നതിനും അടിസ്ഥാന ജനത ഇറങ്ങിത്തിരിച്ചു. അവ നിരവധി കലാപങ്ങളായി തിരുവിതാംകൂറിനെ സമരോത്സുകമാക്കി.

ഏതെങ്കിലും ഒരു ജാതിയോ ഉപജാതിയോ അവരുടെ കുടുംബാംഗങ്ങളോ മാത്രം കൂടിയിരുന്ന് നടത്തിയിരുന്ന പഠന കേന്ദ്രങ്ങളെ ഗുരുകുല വിദ്യാഭ്യാസം എന്ന പേരില്‍ മഹത്ത്വവത്കരിക്കുന്ന കാലം കൂടിയായിരുന്നു അത്. എന്നാല്‍, അയിത്തക്കാര്‍ നടത്താന്‍ ആഗ്രഹിച്ചിരുന്ന അക്ഷരപ്പള്ളിക്കൂടങ്ങളെ നിരന്തരം അഗ്നിക്കിരയാക്കുകയും ജാതി വിദ്യാഭ്യാസമെന്ന പേരില്‍ ജാതി തൊഴിലുകളില്‍ തളച്ചിടുകയുമായിരുന്നു വരേണ്യര്‍. 1904ല്‍ അയ്യങ്കാളിയുടെ മുന്‍കൈയില്‍ ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. ബ്രിട്ടീഷുകാരുടെ ശ്രമങ്ങളും ഇതിന് സഹായകമായി. എന്നാല്‍, ഹിന്ദു ഭരണവ്യവസ്ഥക്ക് ഇതിനു താല്‍പര്യമുണ്ടായിരുന്നില്ല. ചെറുതും വലുതുമായ പ്രക്ഷോഭങ്ങളെയെല്ലാം അവര്‍ രക്തത്തില്‍ മുക്കി പരാജയപ്പെടുത്തി. 1907ല്‍ അയ്യങ്കാളി പ്രഖ്യാപിച്ചു: ‘ഞങ്ങളുടെ മക്കളെ വിദ്യാഭ്യാസം ചെയ്യാന്‍ അനുവദിച്ചില്ളെങ്കില്‍ ഈ കാണായ പാടങ്ങളെല്ലാം മൊട്ടിപ്പുല്ല് മുളപ്പിക്കും’. പുത്തരിക്കണ്ടം മൈതാനമടക്കം തിരുവിതാംകൂറിലെ പാടങ്ങളെല്ലാം പുല്ലുനിറഞ്ഞു. തമ്പുരാക്കന്മാര്‍ക്ക് അന്നം മുട്ടി. മിച്ചല്‍ സായിപ് അയിത്ത മനുഷ്യര്‍ക്കനുകൂലമായി ഉത്തരവിറക്കി. അയിത്തക്കാര്‍ക്ക്, പഞ്ചമന്മാര്‍ക്ക്, അടിമകള്‍ക്ക്, തദ്ദേശീയര്‍ക്ക് ആധുനിക വിദ്യാഭ്യാസത്തിനുള്ള അവകാശം അങ്ങനെ ലഭ്യമായി. കുളത്തുമ്മേല്‍ കൊച്ചാപ്പി, കുഞ്ഞുകൃഷ്ണന്‍, വേലുക്കുട്ടി, ചടയന്‍ ഗോപാലന്‍, സി. പരമേശ്വരന്‍, നാരായണന്‍, ശങ്കരന്‍, കുഞ്ഞന്‍ എന്നീ കുട്ടികള്‍ ബ്രിട്ടീഷ് പൊലീസിന്‍െറ സഹായത്തോടെ ആദ്യമായി സ്കൂളില്‍ പ്രവേശിച്ചു. അയിത്തജാതി ജനതയുടെ  ഒന്നാം തലമുറയുടെ ആധുനിക വിദ്യാഭ്യാസത്തിന്‍െറ ശ്രമം ഇവിടെ ആരംഭിക്കുന്നു.

1911ലാണ് മഹാത്മാ അയ്യങ്കാളിയെ തിരുവിതാംകൂര്‍ പ്രജാസഭയിലേക്ക് അംഗമായി പരിഗണിച്ച് ഉത്തരവിറങ്ങുന്നത്.  പൊതുസമൂഹത്തിനും അടിസ്ഥാന ജനതയുടെ രൂപവത്കരണത്തിനും വേണ്ടി അതുവരെ ചെയ്തുവന്നിരുന്ന  ശ്രമങ്ങളുടെ തുടര്‍ച്ചയായിരുന്നു പ്രജാസഭയിലും അദ്ദേഹം ചെയ്തത്. 779 ഹരജികള്‍ അദ്ദേഹം സമര്‍പ്പിക്കുകയുണ്ടായി. ഭൂമിക്കുവേണ്ടിയുള്ള പ്രഭാഷണമായിരുന്നു ഒന്നാമതായി അദ്ദേഹം നടത്തിയത്. വിദ്യാഭ്യാസാവകാശത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനം അപ്പോഴും തുടര്‍ന്നു. ഏഴ് വിദ്യാലയങ്ങള്‍ ഒന്നാംഘട്ടത്തില്‍ തുറക്കാന്‍ സാധിച്ചു. എന്നാല്‍, നിരവധി മര്‍ദനങ്ങളും പീഡനങ്ങളും ദലിതര്‍ക്കെതിരെയുണ്ടായി. സവര്‍ണരും വാടകഗുണ്ടകളും പൊലീസും ചേര്‍ന്നാണ് മര്‍ദനം അഴിച്ചുവിട്ടിരുന്നത്.
1914ല്‍ ഊരൂട്ടമ്പലം സ്കൂളില്‍ പ്രവേശിപ്പിക്കാനായി പഞ്ചമി എന്ന പെണ്‍കുട്ടിയുടെ കൈപിടിച്ച് പ്രജാസഭാംഗമായ അയ്യങ്കാളി വിദ്യാലയത്തിലത്തെി. സവര്‍ണര്‍ സ്കൂള്‍ അഗ്നിക്കിരയാക്കി. അയ്യങ്കാളിയുടെ തലക്ക് 1000 രൂപ ഇനാം പ്രഖ്യാപിച്ചു. നായര്‍പട്ടാളവും ജന്മി ഗുണ്ടകളും അദ്ദേഹത്തെ വധിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തി. ഓരോ ശ്രമവും പ്രാദേശിക കലാപങ്ങളായിമാറി. 90ാം ആണ്ട് ലഹള എന്ന് ഇതറിയപ്പെട്ടു.

നായര്‍, ഈഴവര്‍,  പുലയര്‍, പറയര്‍ അടക്കമുള്ള സ്ത്രീകള്‍ക്ക് വസ്ത്രം ധരിക്കാന്‍ അവകാശമുണ്ടായിരുന്നില്ല. ഇതിനെ ധിക്കരിച്ച സ്ത്രീകളുടെ മുല അറുത്തുമാറ്റുകയും ചെയ്തിരുന്നു. തദ്ദേശ ജനതക്ക് കല്ലുകള്‍ കോര്‍ത്ത് മാലയാക്കി ശരീരത്തില്‍ തൂക്കിയിട്ട് ശരീരം മറയ്ക്കേണ്ടിവന്നു. 1915ല്‍ കൊല്ലത്ത് ഗോപാലദാസന്‍െറ മുന്‍കൈയില്‍ ഇതിനെതിരെ അവകാശ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചു. സവര്‍ണര്‍ അതിനെ അതിഭീതിദമാംവിധം അടിച്ചമര്‍ത്തി. 1000 വീടുകള്‍ അവര്‍ അഗ്നിക്കിരയാക്കി. ഈ ഘട്ടത്തില്‍ കൊല്ലം പെരിനാട് ലഹളയില്‍നിന്ന് അടിസ്ഥാന ജനതയെ സംരക്ഷിക്കാന്‍ അയ്യങ്കാളി നേരിട്ടത്തെി. ദലിത് സമുദായത്തില്‍പെട്ട രത്നഭായി സമ്മേളനത്തിന് സ്ഥലം നല്‍കി. കൊല്ലത്ത് സര്‍വകക്ഷി സമ്മേളനം നടന്നു. ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള, ഗവ. സെക്രട്ടറി വിയറ സായിപ്, രാമന്‍ തമ്പി, വെള്ളിക്കര ചോതി, കുറുമ്പന്‍ ദൈവത്താന്‍, ഗോപാല ദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഈ സമ്മേളനത്തില്‍വെച്ച് അയിത്തസ്ത്രീകള്‍ കല്ലയും മാലയും പൊട്ടിച്ചെറിഞ്ഞു. ബ്ളൗസും റവുക്കയും മേല്‍വസ്ത്രങ്ങളും ധരിച്ചുകൊണ്ട് ജാതിവ്യവസ്ഥയുടെ വിലക്കുകളെ ലംഘിച്ചു. എന്നാല്‍, വരേണ്യര്‍ നോക്കിനിന്നില്ല. അവര്‍ അക്രമം അഴിച്ചുവിട്ടു. ഗോപാലദാസന്‍ എന്ന ദലിത് നേതാവിന്‍െറ കാലുകള്‍ തല്ലിത്തകര്‍ത്തു. തുടര്‍ന്ന്, മരണംവരെ അദ്ദേഹം രോഗക്കിടക്കയിലായി.

അയ്യങ്കാളിയുടെ പ്രജാസഭാ പ്രസംഗം ആരംഭിക്കുന്നത് അടിസ്ഥാന ജനതക്ക് ആവശ്യത്തിനുതകുന്ന കൃഷി നല്‍കണം എന്ന് ആവശ്യപ്പെട്ടായിരുന്നു. ഇതിനുള്ള ശ്രമങ്ങളുമുണ്ടായി. എരുമേലി മുന്നൂറാം വയല്‍ 300 ഏക്കര്‍, വിളപ്പില്‍ പകുതി 500 ഏക്കര്‍, പള്ളിപ്പുറം പകുതി 500 ഏക്കര്‍, ഉഴമലയ്ക്കല്‍ 500 ഏക്കര്‍, കോട്ടയം സചിവോത്തമപുരം 100 ഏക്കര്‍ തുടങ്ങിയവ പതിച്ചുനല്‍കി. ദേവികുളം പുതുവല്‍ ഭൂമിയടക്കം, ഭൂമിക്കായുള്ള ശ്രമങ്ങള്‍  വനം ഉദ്യോഗസ്ഥരും പ്രാദേശിക ജന്മികളും വില്ളേജ് ഉദ്യോഗസ്ഥരും ചേര്‍ന്ന്  അട്ടിമറിച്ചു. അയിത്തക്കാരെ അകറ്റിനിര്‍ത്തുന്നതില്‍ എല്ലാവരും കൈകോര്‍ത്തു.

വിദ്യാഭ്യാസ അവകാശത്തിനുവേണ്ടിയുള്ള ശ്രമങ്ങള്‍ പടിപടിയായി ലക്ഷ്യം കണ്ടു തുടങ്ങി. 1914ല്‍ 2017ഉം 1915ല്‍ 4256ഉം 1916ല്‍ 8494ഉം 1917ല്‍ 15768ഉം അയിത്ത വിദ്യാര്‍ഥികള്‍ തിരുവിതാംകൂറില്‍ പഠിക്കുന്നതായുള്ള രേഖകള്‍ പ്രജാസഭയില്‍ വായിച്ചു. 1930 ആയപ്പോള്‍ 100ഓളം സ്കൂളുകള്‍ അയിത്ത സമൂഹത്തിന്‍െറ മുന്‍കൈയില്‍ നോക്കി നടത്തുന്നതായും അതിന് മാനേജ്മെന്‍റ് ഉണ്ടെന്നും പ്രജാസഭയില്‍ വായിക്കപ്പെട്ടു.

1907ല്‍ ‘സാധുജന പരിപാലന സംഘം’ എന്ന പേരില്‍ അയ്യങ്കാളി ആരംഭിച്ച പ്രസ്ഥാനം അയിത്തജാതി ജനതകളിലെ  ഉപജാതികളെയും മത അകല്‍ച്ചകളെയും ഒഴിവാക്കുന്നതായിരുന്നു. എന്നാല്‍, പ്രജാസഭയിലാകട്ടെ അംഗത്വം കൊടുത്തിരുന്നത് ജാതികളുടെ പ്രതിനിധികള്‍ക്കായിരുന്നുതാനും. എങ്കില്‍ത്തന്നെയും അയ്യങ്കാളിയുടെയും മറ്റ് നവോത്ഥാന നായകരുടെയും ശ്രമഫലമായി ഒരു നീണ്ടനിരയെ പ്രജാസഭയില്‍ അംഗമാക്കുന്നതിനു കഴിഞ്ഞിരുന്നു. അയ്യങ്കാളി, ചരതന്‍ സോളമന്‍, വെള്ളിക്കര ചോതി, കണ്ടന്‍ കുമരന്‍, ചേന്നന്‍, എം.എ. രത്നസ്വാമി, കെ. മാധവന്‍, പൊയ്കയില്‍ അപ്പച്ചന്‍ (യോഹന്നാന്‍), പാമ്പാടി ജോണ്‍ ജോസഫ്, പി.എന്‍. ശങ്കരന്‍, നെടുന്തറ ജോഷ്വാ തുടങ്ങിയവര്‍ അതിലുള്‍പ്പെടുന്നു.

കലാപങ്ങളും സമരങ്ങളും അവകാശ മുന്നേറ്റങ്ങളും അടിത്തട്ടില്‍ വികസിച്ചപ്പോള്‍ അതിനെ തകര്‍ക്കേണ്ടത് വരേണ്യതയുടെ ആവശ്യമായി മാറുകയായിരുന്നു. ദലിതരിലെ മതംമാറ്റം തടയുന്നതിനും തമ്മില്‍ ഭിന്നിക്കുക എന്ന തന്ത്രമാണ് അധികാരികള്‍ വളര്‍ത്തിക്കൊണ്ടുവന്നത്. അതിനായി 1934ല്‍ ഹിന്ദുമിഷന്‍ സ്ഥാപിച്ചു. ക്ഷേത്രപ്രവേശ സമരങ്ങള്‍ ആരംഭിച്ച് അടിസ്ഥാന ജനതയുടെ സമരങ്ങളെ വഴിതിരിച്ചുവിട്ടു. ഓരോ ഉപജാതികള്‍ക്കും പരിഗണന എന്ന പ്രഖ്യാപനം നിര്‍വഹിച്ചു. ശുദ്ധികലശ പ്രസ്ഥാനങ്ങള്‍ക്ക് തുടക്കംകുറിച്ചു. സര്‍ സി.പി. ദിവാന്‍ ആയതിനു ശേഷം   ജാതി-ഉപജാതികള്‍ക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് സാധുജന പരിപാലന സംഘത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ വ്യാപിപ്പിച്ചു.   അതിനുശേഷം ജനതയെ ഒന്നിച്ചു കാണുന്നവരെ അധികാരത്തില്‍നിന്ന് ഒഴിവാക്കാന്‍ ഭരണകൂടം തീരുമാനിച്ചു. അയ്യങ്കാളി അപ്പോഴും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നി. 1937 ജനുവരി 14ന് മഹാത്മാഗാന്ധി, മഹാത്മ അയ്യങ്കാളിയെ സന്ദര്‍ശിച്ചു. അടിസ്ഥാന ജനതയുടെ ഒരു നേതാവായി മഹാത്മ അയ്യങ്കാളിയെ കാണുന്നതിന് ഗാന്ധിജി മടി കാണിച്ചു. ‘പുലയരുടെ രാജാവ്’ എന്നാണ് ഗാന്ധിജി വിളിച്ചത്. വിശാല അര്‍ഥത്തില്‍ ‘അധ്വാനവര്‍ഗത്തിന്‍െറ രാജാവ്’ എന്നാണ് ആ വാക്കിനര്‍ഥം. എന്നാല്‍, ജാതിബദ്ധ ഭാരതത്തില്‍  അയ്യങ്കാളിക്കൊപ്പം അണിചേര്‍ന്ന ഉപജാതികളെ അകറ്റിക്കൊണ്ടുപോകുന്നതിനാണ് ആ വിശേഷണം ഉപകരിച്ചത്. സര്‍ സി.പി. രാമസ്വാമിയുടെ നിഗൂഢ താല്‍പര്യങ്ങള്‍ വീണ്ടും വിജയം നേടി. 1937 ജൂലൈയില്‍ ഓള്‍ ട്രാവന്‍കൂര്‍ പുലയ മഹാസഭ എന്ന സംഘടനക്ക് രൂപംകൊടുക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു. നേതാവാകട്ടെ അയ്യങ്കാളിയുടെ മകളുടെ ഭര്‍ത്താവ് ടി.ടി. കേശവ ശാസ്ത്രിയും.

ദേശീയമായി അംബേദ്കര്‍ പ്രസ്ഥാനത്തെ തകര്‍ത്തെറിയാന്‍ നടത്തിയ ശ്രമങ്ങളുടെ കേരള മാതൃകയായിരുന്നു ഇത്. അടിസ്ഥാന ജനതയെ ഹിന്ദുവാക്കുകയും ഉപജാതിയാക്കുകയും അനൈക്യപ്പെടുത്തുകയും ചെയ്യുന്നതില്‍ വരേണ്യര്‍ വിജയിച്ചു. അയ്യങ്കാളിയുടെ 151ാം ജന്മദിനമായ ആഗസ്റ്റ് 28ലും വളരെ കുറച്ചുപേര്‍ മാത്രമേ അദ്ദേഹത്തെ അനുസ്മരിക്കുന്നുള്ളൂ. അവിട്ടം നാളിനായി കാത്തിരിക്കുകയാണ് പലരും. ഇന്നും സവര്‍ണര്‍ അനുവദിച്ച ദിവസങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഭൂമി, വിദ്യാഭ്യാസം, പൊതു ഇടങ്ങള്‍ എല്ലാം ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുന്നു. പുതുതലമുറക്കെങ്കിലും മഹാത്മ അയ്യങ്കാളിയുടെ ഊര്‍ജവും ലക്ഷ്യബോധവും ഐക്യബോധവും തിരിച്ചറിയാന്‍ കഴിയുമോ? ലോകത്ത് മറ്റൊരിടത്തോ, അയിത്തജാതിക്കാരല്ലാതെ മറ്റാരുടെയെങ്കിലും മുന്‍കൈയിലോ ആണ് ഈ സമരങ്ങള്‍ നടന്നിരുന്നതെങ്കില്‍ ഇന്ന് ലോകം ഈ സമരങ്ങളെ വാഴ്ത്തിപ്പാടുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ ബുദ്ധിജീവികളും ഭാരതീയ വ്യവസ്ഥകളും അദ്ദേഹത്തെയും അദ്ദേഹത്തിന്‍െറ ഇടപെടലുകളെയും ചരിത്രത്തില്‍നിന്നും പുറത്താക്കാനാണ് ശ്രമിച്ചത്.