മുംബൈ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിനു സമീപം നിര്‍മാണത്തിലിരുന്ന ഫ്‌ളൈഓവറിന്റെ ഭാഗം തകര്‍ന്നു വീണ് 14 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെല്ലാം നിര്‍മാണ തൊഴിലാളികളാണ്. ഇവരെ വിഎന്‍ ദേശായി സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.

എല്ലാവരെയും രക്ഷപ്പെടുത്താനായെന്നും ആര്‍ക്കും ഗുരുതര പരിക്കില്ലെന്നും സ്ഥലം സന്ദര്‍ശിച്ച ജില്ലാ പൊലിസ് മേധാവി മഞ്ജുനാഥ് സിങ് പറഞ്ഞു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാരും അറിയിച്ചു.

മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്കാണ് ഫ്‌ളൈഓവറിന്റെ നിര്‍മാണ ചുമതല. കിഴക്കന്‍ പടിഞ്ഞാറ് ലിങ്ക് റോഡിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിനായി സാന്താക്രൂസ്‌ചെമ്പൂര്‍ ലിങ്ക് റോഡിലാണ് ഫ്‌ളൈഓവര്‍ നിര്‍മ്മിക്കുന്നത്.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പരിക്കേറ്റവര്‍ ഇല്ലെന്ന് ഉറപ്പിക്കാനായി പൊലീസ്-ഫയര്‍ഫോഴ്‌സ് സംഘം പരിശോധന നടത്തുന്നുണ്ട്.