സൈബര്‍ ആക്രമണം നേരുന്ന സയനോരക്ക് പിന്തുണയുമായി ഗായിക സിത്താര കൃഷ്ണകുമാറും കൂട്ടുകാരികളും. നൃത്ത വീഡിയോ സിത്താര സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചു. തങ്ങള്‍ സയനോരയെ സ്‌നേഹിക്കുന്നെന്നും മറ്റെല്ലാ പെണ്‍കുട്ടികളോടും സ്‌നേഹിക്കുന്നെന്നുമുള്ള കുറിപ്പോടെയാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

സയനോര നൃത്തം ചെയ്ത അതേ പാട്ടിലാണ് സിത്താരയുടെയും കൂട്ടുകാരികളുടെയും നൃത്ത വീഡിയോയും. കൂട്ടുകാര്‍ക്കൊപ്പമുള്ള ഒത്തുചേരലില്‍ എല്ലവരും ഹൃദയം തുറന്ന് ചിരിക്കുകയും സംസാരിക്കുകയും ചിലപ്പോള്‍ കരയുകയും പരസ്പരം പിന്തുണക്കുകയും ചെയ്യുമെന്ന് സിത്താര കുറിച്ചു. ഈ വീഡിയോ ഇവിടെ പങ്കുവക്കേണ്ടത് ആവശ്യമാണെന്നും എല്ലാ പിന്തുണയും അറിയിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. വീഡിയോയ്ക്ക് താഴെ മറുപടിയുമായി സയനോരയും എത്തി. ഇത് കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു എന്നാണ് സയനോര കുറിച്ചത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സയനോര കൂട്ടുകാരികള്‍ക്കൊപ്പം ചുവടുകള്‍വക്കുന്ന വീഡിയോ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് താരത്തിന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്. വീഡിയോയില്‍ സയനോരക്ക് പുറമെ ഭാവന, രമ്യ നമ്പീശന്‍, ഷഫ്‌ന നിസാം, ശില്‍പ ബാല എന്നിവരുമാണ് ഉണ്ടായിരുന്നത്.

സയനോര വീഡിയോയില്‍ ഷോട്ട്‌സ് ധരിച്ചിരിക്കുന്നതാണ് ഒരു വിഭാഗംആളുകളുടെ പ്രശ്‌നം. ഷോട്ട്‌സ് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന രീതിയിലുള്ള കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. ഇതിന് മുമ്പും സയനോരക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. താരത്തിന്റെ നിറത്തെയും ശരീരത്തെയും അപമാനിച്ചുകൊണ്ടാണ് മിക്കപ്പോഴും ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നത്. വീഡിയോയില്‍ ഡാന്‍സ് കളിക്കുന്ന ഭാവന, രമ്യ നമ്പീശന്‍, ശില്‍പ ബാല എന്നിവരെ കുറിച്ചും ഇത്തരം പാരാമശങ്ങള്‍ വന്നിരുന്നു.