2019 ലെ മലയാള സിനിമയിലെ മികച്ച പെര്‍ഫോമറാരെന്ന് ചോദിച്ചാല്‍ ആരുടെ മനസിലും പെട്ടെന്ന് എത്തി നില്‍ക്കുന്ന നടന്‍ സുരാജ് വെഞ്ഞാറമൂട് ആയിരിക്കും. ദേശീയ അവാര്‍ഡിന്റെ പേരും പ്രശസ്തിയും എന്തു കൊണ്ട് ഈ നടനെ തേടിയെത്തിയെന്ന് അടയാളപ്പെടുത്തിയ വര്‍ഷമായിരുന്നു 2019.

കേവലം കോമഡി റോളുകളില്‍ നിന്നും മാറി സ്വഭാവനടനായും ഉള്ളുലയ്ക്കുന്ന നായകവേഷത്തിലും സുരാജ് അഭ്രപാളില്‍ നിറഞ്ഞു നിന്നപ്പോള്‍ മലയാളികള്‍ക്ക് ലഭിച്ചത് എന്നെന്നും ഓര്‍മിക്കാവുന്ന പിടി അഭിനയമുഹൂര്‍ത്തങ്ങളും കഥാപാത്രങ്ങളും.

2014 ല്‍ അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിച്ച പേരറിയാത്തവര്‍ അധികം പേരിലേക്കും എത്താതിരുന്ന പടമായിരുന്നെങ്കില്‍ ഇന്ന് അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ കാണാന്‍ മാത്രമായി തീയേറ്ററിലെത്തുന്ന  ആരാധകര്‍. കഴിഞ്ഞ വര്‍ഷം ‘കുട്ടന്‍ പിള്ളയുടെ ശിവരാത്രി’യിലൂടെയും ‘തീവണ്ടി’യിലൂടെയുമാണ് സുരാജ് തന്റെ കൈയൊതുക്കം പ്രകടിപ്പിച്ചതെങ്കില്‍ ഈ വര്‍ഷം ചില സിനിമകളുടെ വിജയ ഘടകം തന്നെ സുരാജായിരുന്നു.

വയസ്സായ അച്ഛനെ നോക്കാന്‍ മകന്‍ റോബോട്ടിനെ കൂട്ട് നല്‍കുന്നതും പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന കാര്യങ്ങളുമാണ് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ എന്ന ചിത്രത്തിലെ കഥാതന്തു. അച്ഛന്‍ ഭാസ്‌ക്കരപ്പൊതുവാളായി സുരാജ് തകര്‍ത്താടുമ്പോള്‍, അദ്ദേഹത്തിന്റെ വേഷപ്പകര്‍ച്ചയും ഏറെ ശ്രദ്ധിക്കപ്പെട്ടു.

‘വികൃതി’ എന്ന സിനിമയില്‍ സംസാര ശേഷി ഇല്ലാത്ത എല്‍ദോ എന്ന കഥാപാത്രമായി സുരാജ് എത്തുമ്പോള്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട കഥാപാത്രങ്ങളിലൊന്നായി മാറി. ഒരു നൊമ്പരമായി സുരാജ് പ്രേക്ഷകരിലേക്ക് പതിഞ്ഞിറങ്ങിയപ്പോള്‍ ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റുകളിലൊന്നായും ചിത്രം മാറി. മലയാളികളുടെ അമിതമായ സോഷ്യല്‍ മീഡിയ ദുരൂപയോഗത്തെ വിമര്‍ശനവിധേയമാക്കിയ ചിത്രം പ്രമേയത്തിന്റെ തിരഞ്ഞെടുപ്പ് കൊണ്ടും വ്യത്യസ്തമായി.  

സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രനായി പൃഥിരാജ്  സിനിമയിലെത്തുമ്പോള്‍ അദേഹത്തിന്റെ കടുത്ത ആരാധകനും വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമായ  കുരുവിളയായി സുരാജ് രംഗപ്രവേശം ചെയ്ത ചിത്രമാണ് ‘ഡ്രൈവിങ് ലൈസന്‍സ്’. തീയേറ്ററില്‍ ഇപ്പോഴും ഓളമുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഈ ചിത്രം സുരാജിന്റെ വ്യത്യസ്തവേഷം കൊണ്ടും ശ്രദ്ധേയമാണ്.

‘ഫൈനല്‍സ്’ എന്ന ചിത്രം ഒരു സ്‌പോര്‍ട്‌സ് ചിത്രം എന്നതിനൊപ്പം തന്നെ മകള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെക്കുന്ന ഒരു അച്ഛന്റെ കഥ കൂടിയാണ്. രജിഷ മകളായി വരുമ്പോള്‍ അച്ഛനായി സുരാജ് നടത്തിയ പ്രകടനം ഈ വര്‍ഷം ആരാധകര്‍ ഏറെ ഏറ്റെടുത്ത വേഷങ്ങളിലൊന്നാണ്. രജീഷ വിജയന്റെ പ്രകടനം കാണാന്‍ കയറിയ ആരാധകര്‍ ഒപ്പം സുരാജ് വെഞ്ഞാറമൂട് എന്ന സ്‌നേഹനിധിയായ അച്ഛനു വേണ്ടിയും കൈയ്യടിച്ചു.

about suraj venjaramood

The post സുരാജ് വെഞ്ഞാറമൂട്, 2019 ലെ മികച്ച പെര്‍ഫോമര്‍… കാരണം ? appeared first on metromatinee.com Lifestyle Entertainment & Sports .