യാഷ് നായകനായ തെന്നിന്ത്യയിലെ ബ്രഹ്മാണ്ഡ ചിത്രം ‘കെജിഎഫ് ചാപ്റ്റർ 2’വിന്റെ തിയേറ്റർ പ്രദർശനത്തിന് ശേഷം ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലെ സ്ട്രീമിനിങ്ങിനായി തയ്യാറെടുക്കുകയാണ്. 1200 എന്ന ഇന്ത്യയിലെ ബോക്സോഫീസ് റെക്കോർഡിലേക്ക് ചിത്രം അടുക്കുമ്പോൾ പ്രേക്ഷകർക്ക് പുതിയ ഓഫറുമായി എത്തുകയാണ് ആമസോൺ പ്രൈം.

ഒടിടി റിലീസ് ചെയ്യുന്നതിനും മുന്നെയാണ് ഓണ്‍ലൈനില്‍ ചിത്രം കാണാൻ അവസരം ഒരുക്കികൊണ്ടാണ് ആമസോണ്‍ പ്രൈം വീഡിയോ പുതിയ ഓഫർ നൽകുന്നത്. 199 രൂപയ്ക്ക് പ്രൈം വരിക്കാര്‍ക്കും ഇതുവരെ പ്രൈം അംഗമല്ലാത്തവര്‍ക്കും ചിത്രം വാടകയ്‍ക്ക് ലഭ്യമാണ്. കന്നഡ, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ലഭ്യമാകുക. സിനിമകള്‍ വാടകയ്‍ക്ക് എടുക്കുന്നവര്‍ക്ക് സിനിമ 30 ദിവസത്തേയ്‍ക്കാണ് കാണാൻ അവസരമുണ്ടാകുക. വാടകയ്ക്ക് എടുക്കുന്ന തീയതി മുതൽ സിനിമ ആസ്വദിക്കാവുന്നതാണ്.

‘കെജിഎഫ് ചാപ്റ്റർ 2’ വിന്റെ പ്രദർശനം ആരംഭിച്ച് നാലാഴ്ച പിന്നിടുമ്പോൾ ചിത്രം നേടിയിരിക്കുന്നത് 1191 കോടിയാണ്. ഈ ആഴ്ച തന്നെ 1200 കോടിയും കടക്കും എന്നാണ് റിപ്പോർട്ട്. ബോളിവുഡിലാണ് ചിത്രം ഏറ്റവും കൂടുതൽ കളക്ഷൻ നേടി മുന്നേറുന്നത്. ബോളിവുഡ് ചിത്രങ്ങൾക്ക് ലഭിക്കാത്ത പിന്തുണയാണ് ഹിന്ദി പതിപ്പിലൂടെ കെജിഎഫ് സ്വന്തമാക്കിയത്. ഇതും മറ്റൊരു ചരിത്ര വിജയം തന്നെയാണ്. ഒപ്പം മറ്റൊരു തെന്നിന്ത്യൻ ചിത്രത്തിനും ലഭിക്കാത്ത പിന്തുണയും സ്വീകാര്യതയുമാണ് കെജിഎഫ് സിനിമയ്ക്ക് നേടാനായത്.

Story highlights: ‘KGF2’ is available for rent to non-OTT members; Amazon Prime with new offer