കൊവിഡ് വ്യാപനത്തില്‍ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ തുറക്കുന്നതിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ നിര്‍ബന്ധിക്കാനാകില്ലെന്ന് സുപ്രീംകോടതി. കുട്ടികളുടെ കാര്യത്തില്‍ ജാഗ്രത വേണമെന്ന് പറഞ്ഞ കോടതി വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും അഭിപ്രായപ്പെട്ടു.

കൊവിഡ് സാഹചര്യം ഗുരുതരമായി തുടരുകയാണ്. കുട്ടികളുടെ കാര്യത്തില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ ജാഗ്രത വേണമെന്നും കോടതി പറഞ്ഞു.  കേരളത്തിലെയും, മഹാരാഷ്ട്രയിലെയും കൊവിഡ് സാഹചര്യങ്ങള്‍ കാണുന്നില്ലേയെന്ന് ചോദിച്ച  കോടതി, സ്‌കൂളുകള്‍ തുറക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് നിർദ്ദേശിച്ചു. 

സ്‌കൂള്‍ തുറക്കുന്നതില്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യവുമായി ദില്ലിയില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.