‘പാവപ്പെട്ടവന്റെ മകന്‍ ഹെലികോപ്റ്റര്‍ വാടകക്കെടുക്കാന്‍ എടുക്കാന്‍ പാടില്ലെ’യെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി. ഡല്‍ഹി സന്ദര്‍ശനത്തിന് സ്വകാര്യ ജെറ്റ് വിമാനം ഉപയോഗിച്ചതിനെ വിമര്‍ശിച്ചവരോടുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ചന്നിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവും ഉള്‍പ്പടെയുള്ളവര്‍ ഡല്‍ഹിയിലേക്ക് ചണ്ഡീഗഡില്‍ നിന്ന് സ്വകാര്യ ജെറ്റ് വിമാനത്തില്‍ യാത്രചെയ്ത്. യാത്രയ്ക്ക് മുന്‍പുള്ള ചിത്രങ്ങള്‍ സിദ്ദു ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

പിന്നാലെയാണ്, മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവര്‍ക്ക് നേരെ വന്‍വിമര്‍ശനം ഉയര്‍ന്നത്. ചന്നിയുടേയും സിദ്ദുവിന്റേയും സ്വകാര്യ ജെറ്റ് വിമാനയാത്ര കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്താനായിരുന്നു. എന്നാല്‍ സ്വകാര്യ ജെറ്റ് സര്‍വ്വീസിന്റെ പണം ആരു നല്‍കിയെന്ന ചോദ്യത്തിന് പ്രതികരിക്കാന്‍ ചന്നി തയ്യാറായില്ല. മുഖ്യമന്ത്രിയായി ചുമതയേറ്റ ആദ്യ പത്രസമ്മേളനത്തില്‍ സാധാരണക്കാരന്‍ എന്നാണ് ചന്നി സ്വയം അഭിസംബോധന ചെയ്തത്. അതിനിടെയാണ് ഡല്‍ഹിയിലേക്ക് സ്വകാര്യ ജെറ്റ് വിമാനത്തില്‍ ചന്നി യാത്ര ചെയ്ത് വിവാദം സൃഷ്ടിച്ചത്.

ജെറ്റ് വിമാനയാത്രയിലൂടെ ചന്നിയുടേയും സിദ്ദുവിന്റേയും യഥാര്‍ഥമുഖം പുറത്തുവന്നുവെന്ന് പ്രതിപക്ഷനേതാവും ആംആദ്മി നേതാവുമായ ഹര്‍പാല്‍ സിങ് ചീമ അഭിപ്രായപ്പെട്ടു. വെറും 250 കിലേമീറ്റര്‍ ദൂരത്തേക്കാണ് ജെറ്റ് വിമാനത്തില്‍ യാത്രചെയ്യുന്നത്. സാധാരണ വിമാനമോ കാര്‍ മാര്‍ഗമോ ഡല്‍ഹിയിലേക്ക് ചാണ്ഡിഗഢില്‍ നിന്ന് യാത്ര ചെയ്യാന്‍ സാധ്യമല്ലേയെന്ന് ശിരോമണി അകാലിദള്‍ ചോദിച്ചു. ഗാന്ധി കടുംബാംഗങ്ങളുടെ ദര്‍ബാര്‍ സംസ്‌ക്കാരത്തിന്റെ ഭാഗമായാണോ ഇത്തരം യാത്ര സംഘടിപ്പിച്ചതെന്നും ശിരോമണി അകാലിദള്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു.

സ്ഥാനമൊഴിഞ്ഞ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന രവീണ്‍ തുക്രലും ചന്നിയുടെ സ്വകാര്യ ജെറ്റ് വിമാനയാത്രയെ വിമര്‍ശിച്ചു. അഞ്ചുപേര്‍ക്ക് യാത്ര ചെയ്യാനാവുന്ന ഔദ്രോഗിക ഹെലികോപ്റ്റര്‍ ഉണ്ടെന്നിരിക്കെയാണ് പതിനാറു സീറ്റുള്ള ജെറ്റില്‍ നാലുപേര്‍ ഡല്‍ഹിയിലേക്ക് യാത്ര ചെയ്തതെന്ന് രവീണ്‍ ചൂണ്ടിക്കാണിച്ചു.