കൊച്ചി: നടിയും മോഡലുമായ ട്രാന്സ്വുമണ് ഷെറിന് സെലിന് മാത്യു ആത്മഹത്യ ചെയ്തത് വീഡിയോ ചെയ്ത് കൊണ്ടാണെന്ന് സുഹൃത്തുക്കളുടെ മൊഴി. ഷെറിന് ആരെയാണ് വിളിച്ചതെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ഇക്കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുമെന്നും സുഹൃത്തുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
”ഷെറിന്റെ ഓപ്പറേഷന് കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായിട്ടുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. ഹോര്‍മോണ്‍ ടാബ്ലറ്റുകള് കഴിച്ചതിന്റെ അവശിഷ്ടങ്ങള്‍ മുറിയിലുണ്ടായിരുന്നു. വീഡിയോ കോള്‍ ചെയ്തുകൊണ്ടാണ് തൂങ്ങി മരിച്ചത്. ഫോണ്‍ അങ്ങനെ തന്നെ വച്ചിരിക്കുകയായിരുന്നു. മരിക്കാന്‍ മാത്രമുള്ള കാരണങ്ങളെന്തെന്ന് അറിയില്ല.”-സുഹൃത്ത് പറഞ്ഞു.
”വളരെ ബോള്‍ഡായ കുട്ടിയാണ് ഷെറിന്. ആത്മഹത്യ ചെയ്യുമെന്ന് കരുതിയില്ല. ഇന്ന് രാവിലെ 10.30ക്ക് നോക്കുമ്പോള്‍ 15 മണിക്കൂര്‍ മുന്‍പ് ഒരു ബന്ധം ബ്രേക്ക് അപ്പായ പോലെയുള്ള രീതിയില്‍ ഒരു സ്റ്റോറി ഇട്ടിട്ടുണ്ടായിരുന്നു.”- ഷെറിന്റെ മറ്റൊരു സുഹൃത്ത് പറഞ്ഞു.
കൊച്ചി ചക്കരപ്പറമ്പിലെ അപ്പാര്‍ട്ട്മെന്റില്‍ ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് ആലപ്പുഴ സ്വദേശിയായ ഷെറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊച്ചിയില്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ അഞ്ചാമത്തെ ട്രാന്‍സ്ജെന്‍ഡര്‍ മരണമാണിത്. ഒറ്റപ്പെട്ട സംഭവങ്ങളെന്ന് എഴുതിത്തള്ളാതെ സവിശേഷമായ സാമൂഹിക ശ്രദ്ധയും പഠനവും ആവശ്യമുള്ള ഗൗരവതരമായ ഒരു വിഷയമായി ഇതിനെ കാണാന്‍ കഴിയേണ്ടതുണ്ടെന്ന് വി.ടി ബല്‍റാം പറഞ്ഞു.
ട്രാന്‍സ് കമ്മ്യൂണിറ്റിയോടുള്ള സമൂഹത്തിന്റെ മനോഭാവം, അധികാര സ്ഥാപനങ്ങളിലടക്കം ഇപ്പോഴും നിലനില്‍ക്കുന്ന സ്റ്റിഗ്മ, പലതരം ചൂഷണങ്ങള്‍, വിവേചനങ്ങള്‍, രൂക്ഷമായ തൊഴിലില്ലായ്മ, എന്നിങ്ങനെ പലതരം പ്രശ്നങ്ങളും ഇനിയും വേണ്ട രീതിയില്‍ അഡ്രസ് ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഈ മരണത്തേക്കുറിച്ചുള്ള പൊലീസിന്റെ കേസന്വേഷണത്തിനപ്പുറം സാമൂഹിക നീതി വകുപ്പ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതിനെ ഒരു പൊതു വിഷയമായിക്കണ്ട് ഗൗരവമുള്ള പഠനത്തിനും അതനുസരിച്ചുള്ള ഇടപെടലുകള്‍ക്കും ഇനിയും മടിച്ചു നില്‍ക്കരുത്. സമൂഹത്തിലെ ഓരോ വ്യക്തിയും പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് നാമേവരുടേയും ഉത്തരവാദിത്തമാണെന്നും വി.ടി ബല്‍റാം പറഞ്ഞു.