രാജ്യത്തെ നിയമ സംവിധാനങ്ങളില്‍ സ്ത്രീ പങ്കാളിത്തം വര്‍ദ്ധിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ. ജുഡീഷ്യറിയില്‍ 50 ശതമാനമെങ്കിലും വനിതാസംവരണം ആവശ്യമാണെന്നായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. കോടതികളില്‍ മാത്രമല്ല ലോ കോളേജുകളിലും വനിതാസംവരണം ആവശ്യമാണെന്നും എന്‍വി രമണ വ്യക്തമാക്കി. സുപ്രീം കോടതിയില്‍ പുതിയതായി ചുമതലയേറ്റ ഒന്‍പത് ജഡ്ജിമാര്‍ക്കും ചീഫ് ജസ്റ്റിസിനും സുപ്രീംകോടതിയിലെ വനിതാ അഭിഭാഷകര്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജ. എന്‍വി രമണ.

സംവരണം ആവശ്യപ്പെടാന്‍ സ്ത്രീകള്‍ ബാധ്യസ്ഥരാണ്. സര്‍വ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ എന്ന് കാറല്‍ മാര്‍ക്‌സ് പറഞ്ഞത് ‘സര്‍വ്വരാജ്യ വനിതകളേ സംഘടിക്കുവിന്‍, നിങ്ങള്‍ക്കു നഷ്ടപ്പെടാന്‍ ചങ്ങലകളല്ലാതെ ഒന്നുമില്ല’ എന്ന് മാറ്റിപ്പറയുകയാണ്. സംവരണം എന്നത് സ്ത്രീകളുടെ അവകാശമാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

അന്‍പത് ശതമാനം സംവരണം സ്ത്രീകള്‍ക്ക് ജുഡീഷ്യറിയില്‍ നല്‌കേണ്ടത് ആവശ്യമാണ്. ആയിരക്കണക്കിന് വര്‍ഷം സ്ത്രീകള്‍ നിയമവ്യവസ്ഥകളില്‍ നിന്ന് അടിച്ചമര്‍ത്തപ്പെട്ടുവെന്ന കാതലായ വിഷയം ഇക്കാര്യത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്. കീഴ്‌ക്കോടതികളില്‍ 30 ശതമാനത്തില്‍ താഴെയാണ് വനിതകളുടെ സാന്നിധ്യം. ഹൈക്കോടതികളില്‍ ഇത് വെറും 11.5 ശതമാനം മാത്രമാണ്. സുപ്രീംകോടതിയില്‍ എത്തുമ്പോള്‍ വനിതാ പ്രാതിനിധ്യം 11.12 ശതമാനത്തിലേക്ക് ചുരുങ്ങുകയാണെന്നും ചീഫ് ജസ്റ്റിസ് കണക്കുകള്‍ നിരത്തി ഓര്‍മ്മിപ്പിച്ചു.

രാജ്യത്തെ മൊത്തം അഭിഭാഷകര്‍ 1.7 ദശലക്ഷമാണ്. എന്നാല്‍ 15 ശതമാനം മാത്രമാണ് വനിതാ അഭിഭാഷകരുള്ളത്. രണ്ടുശതമാനം സ്ത്രീകള്‍ മാത്രമാണ് സംസ്ഥാന ബാര്‍ കൗണ്‍സിലുകളില്‍ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നത്. അതേസമയം ദേശീയ ബാര്‍ കൗണ്‍സിലിന്റെ കമ്മിറ്റിയില്‍ ഒരു വനിത പോലും തെരഞ്ഞെടുക്കപ്പെടാത്തത് എന്തുകൊണ്ടാണെന്നും എന്‍വി രമണ ചോദിച്ചു. ഈ വിഷയത്തില്‍ സാധ്യമാവും വേഗത്തില്‍ തെറ്റുതിരുത്തേണ്ടതുണ്ടന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.