​ഗർഭസ്ഥ ശിശു മരിച്ചതറിയാതെ യുവതിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ സർക്കാർ ആശുപത്രികളുടെ ഭാ​ഗത്തു നിന്നുണ്ടായത് ​ഗുരുതര വീഴ്ചയെന്ന് കുടുംബം. മൂന്ന് സർക്കാർ ആശുപത്രികളുടെ അവ​ഗണനയെ തുടർന്നാണ് കുഞ്ഞ് മരിച്ചത്. ആശുപത്രികളുടെ ഭാ​ഗത്തു നിന്നും ക്രൂരമായ അവ​ഗണനയാണ് ഉണ്ടായതെന്നും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുടുംബം ചൂണ്ടിക്കാട്ടി.

പരവൂർ നെടുങ്ങോലം രാമറാവു മെമ്മോറിയിൽ താലൂക്ക് ആശുപത്രി, കൊല്ലം ​ഗവ വിക്ടോറിയ ആശുപത്രി, തിരുവനന്തപുരം എസ്എടി ആശുപത്രി എന്നിവയ്ക്കെതിരെയാണ് യുവതിയുടെ കുടുംബം ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഈ മാസം 11 നാണ് കടുത്ത വയറു വേദനയെ തുടർന്ന് പാരിപ്പിള്ളി സ്വദേശിനി മീര ചികിത്സ തേടി നെടുങ്ങോലം ആശുപത്രിയിൽ എത്തിയത്. ഇവിടെ നിന്നും ശ്രദ്ധ ലഭിച്ചില്ല.

പിന്നീട് വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദ്ദേശിച്ചു. എന്നാൽ ഇതിനു പകരം എസ്എടി ആശുപത്രിയിലേക്കാണ് മാറ്റിയത്. സെപ്റ്റംബർ 13 ന് എസ്എടി ആശുപ്രിയിൽ യുവതിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു. എന്നാൽ ഡോക്ടർ മീരയെ പരിശോധിക്കുക പോലും ചെയ്യാതെ വീട്ടിലേക്ക് പറഞ്ഞയച്ചെന്ന് കുടുംബം ആരോപിച്ചു. 15 ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിയപ്പോഴാണ് ​ഗർഭസ്ഥ ശിശു മരിച്ചെന്ന് വ്യക്തമായത്. മീര ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.