കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഏതെങ്കിലും മുന്നണിക്ക് പിന്തുണ നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ ഒരു തീരുമാനത്തിലെത്തുമെന്ന് ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ പിസി സിറിയക്ക് പറഞ്ഞു. ട്വന്റി 20യുമായി ആലോചിച്ച ശേഷമാണ് നിലപാട് പ്രഖ്യാപിക്കുകയെന്നും മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പരസ്യമായിട്ട് പ്രഖ്യാപിക്കണോ മറ്റേതെങ്കിലും രീതിയില്‍ വേണോ എന്നതും ചര്‍ച്ച ചെയ്താണ് തീരുമാനിക്കുക. അതേ സമയം തന്നെ തങ്ങളുടെ വോട്ടര്‍മാര്‍ വളരെ പ്രബുദ്ധരാണ്. അവര്‍ക്ക് പ്രത്യേകിച്ച് നിര്‍ദേശം കൊടുക്കേണ്ടതുണ്ടോ എന്നതും തങ്ങളുടെ പരിഗണനയിലാണെന്നും പിസി സിറിയക്ക് പറഞ്ഞു.

എം സ്വരാജ് അവരുടെ ആഗ്രഹം പറഞ്ഞു. അവര്‍ക്ക് ഈ വോട്ട് കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. അത് ആഗ്രഹം മാത്രമാണ്. രണ്ട് മുന്നണികളും ഞങ്ങളുടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. അതില്‍ അതിശയിക്കാനില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ട്വന്റി 20യും 2014 ലോക്‌സഭ തെരഞ്ഞെടുപ്പിലും ആംആദ്മി പാര്‍ട്ടിയും വോട്ടുകള്‍ പിടിച്ചിട്ടുണ്ട്. ഇപ്പോള്‍ രണ്ട് പാര്‍ട്ടികളും സഖ്യമായതോടെ ജനങ്ങള്‍ക്ക് ആവേശം കൂടി. നാല്‍പതിനായിരത്തോളം വോട്ടുകള്‍ തങ്ങള്‍ക്കിവിടെയുണ്ട്. അത് സ്വന്തമാക്കാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടാവുമെന്നും പിസി സിറിയക്ക് പറഞ്ഞു.

പിണറായി സര്‍ക്കാരിന്റെ പല തീരുമാനങ്ങളോടും തങ്ങള്‍ക്ക് എതിര്‍പ്പാണ്. ഒരുപാട് പ്രതികൂല ഘടകങ്ങള്‍ ഉള്ളത് കാരണം കെ റെയില്‍ പോലുള്ള പദ്ധതികളെ തങ്ങള്‍ എതിര്‍ക്കുന്നു. ബദല്‍ മാര്‍ഗങ്ങളുണ്ട്. കെ റെയിലിന്റെ പത്തിലൊന്ന് ചിലവുള്ള പദ്ധതികളുണ്ട്. അതിന് സര്‍ക്കാരിന് താല്‍പര്യമില്ല. അഴിമതി, രാഷ്ട്രീയ കൊലപാതങ്ങള്‍, പൊലീസിന്റെ പക്ഷപാതപരമായ നിലപാട് ഇതിലെല്ലാം തങ്ങള്‍ക്ക് എതിര്‍പ്പാണെന്നും പിസി സിറിയക്ക് പറഞ്ഞു.

ഭരണത്തിലില്ലാത്തത് കൊണ്ട് യുഡിഎഫിനെ കുറിച്ച് എതിര്‍പ്പ് പറയാന്‍ നിവൃത്തിയില്ല. എന്നുവെച്ച് അവര്‍ എല്ലാം തികഞ്ഞവരല്ല. ചില എതിര്‍പ്പുകളൊക്കെ അവശേഷിക്കുന്നുണ്ട്. ദേശീയ തലത്തില്‍ ഇടതുപക്ഷത്തിനോടൊപ്പെമെന്ന നിലപാടില്ല. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ എഎപിക്കെതിരെ സിപിഐഎം മത്സരിച്ചിട്ടുണ്ടെന്നും പിസി സിറിയക്ക് പറഞ്ഞു.

Story Highlights: AAM PARTY KERALA CLEAR POLITICAL STAND ABOUT LDF AND UDF